ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂർ രാജി വെച്ചു. കൈക്കൂലിക്കേസിൽ പ്രതിയായ സൈബി ജോസിനെതിരെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് രാജി. തനിക്കെതിരായ കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാജി കത്തിൽ സൈബി വ്യക്തമാക്കി.അതേ സമയം
ജഡ്ജിമാർക്ക് നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അഡ്വ സൈബി ജോസിൻ്റെ കക്ഷിയായിരുന്ന സിനിമാ
നിർമ്മാതാവിനെ പോലീസ് ചോദ്യം ചെയ്തു.
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് നൽകാനെന്ന് പറഞ്ഞ് അഡ്വ.സൈബി ജോസ് നിർമ്മാതാവിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തൽ സംബന്ധിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. താൻ പണം നൽകിയെന്ന് നിർമ്മാതാവ് മറ്റൊരു അഭിഭാഷകനോട് പറഞ്ഞിരുന്നു. പലിശയ്ക്ക് പണം വാങ്ങിയാണ് അഡ്വ.സൈബി ജോസിന് നൽകിയതെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം നിർമ്മാതാവിനെ ചോദ്യം ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. നിർമ്മാതാവിൻ്റെ ഭാര്യയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇരുവരുടെയും മൊഴി കേസിൽ ഏറെ നിർണ്ണായകമാണ്. ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെനിർമ്മാതാവ് ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്നും ആർക്കൊക്കെ പണം നൽകിയെന്നുമാണ് പോലീസ് വിശദമായി പരിശോധിക്കുന്നത്. മാത്രമല്ല അഡ്വ.സൈബി ജോസിൻ്റെയും നിർമ്മാതാവ് ഉൾപ്പടെയുള്ള കക്ഷികളുടെയും ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സൈബിക്കെതിരെ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയ അഭിഭാഷകരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുത്ത് വരികയാണ്.പരമാവധി മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും സൈബി ജോസിനെ ചോദ്യം ചെയ്യുക.ഇതിനിടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സൈബി ജോസിൻ്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസ നിരസിച്ചിരുന്നു. അതേ സമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അഡ്വ സൈബി ജോസ് കിടങ്ങൂർ രാജി വെച്ചു.പ്രസിഡന്റ് സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട
അസോസിയേഷൻ സെക്രട്ടറിക്ക്
സൈബി ജോസ് കത്ത് നൽകുകയായിരുന്നു.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചെന്നും, തനിക്കെതിരായ കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാജി കത്തിൽ സൈബി ആരോപിച്ചു.