യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്. ഇത്തവണ യാത്രക്കാർക്ക് രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള അവസരമാണ് ലഭിക്കുന്നത്. അസ്തപുണ്യ എന്നറിയപ്പെടുന്ന ഈ ടൂറിസ്റ്റ് പാക്കേജിൽ നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.റെയിൽവേയുടെ പുതിയ സംരംഭമായ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിനിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര കൂടിയാണിത്. ഡിസംബർ 10ന് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന യാത്രയ്ക്കുശേഷം ഡിസംബർ 20ന് ട്രെയിൻ മടങ്ങിയെത്തും.ഭാരത്തിലെ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളും പൈതൃക നിർമിതികളുമാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് യാത്ര. അസ്തപുണ്യ ട്രെയിൻ യാത്രയ്ക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം.ഇത്തരത്തിൽ ബുക്ക് ചെയ്യുന്നവർക്ക് കൊച്ചുവേളി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിൽ കയറാം. ട്രെയിൻ യാത്രയ്ക്കു പുറമേ, ഡൽഹി, ആഗ്ര, ജയ്പൂർ എന്നിവിടങ്ങൾ ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ വിമാനയാത്രയും ഐആർസിടിസി അവതരിപ്പിക്കുന്നുണ്ട്.ദക്ഷിണേന്ത്യയിലെ ഏക ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ പ്രവർത്തനവും ഈ മാസം 20 മുതൽ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.