
എറണാകുളം ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പുമായി സംഘങ്ങൾ സജീവമവെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി .സമ്മാന വാഗ്ദാനമായി വീട്ടിൽ വരുന്ന സ്ക്രാച്ച് ആൻഡ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എറണാകുളം കാലടി സ്വദേശി റോയിക്ക് തപാലിൽ ഒരു സമ്മാന കാർഡെത്തിയത്.ഉരച്ച് നോക്കിയപ്പോൾ പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നും. കൂടാതെ സമ്മാനം ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്ന വിശദമായ നിർദേശവും ഒപ്പമുണ്ട്.താങ്കൾ ഭാഗ്യവാനായ ഉപഭോക്താവാണെന്നും പ്രത്യേക നറുക്കെടുപ്പിൽ ഉൾപ്പെടുത്തി സെലക്ട് ചെയ്തതു കൊണ്ടാണ് താങ്കള്ക്ക് സ്ക്രാച്ച് ആൻറ് വിൻ കാർഡ് അയക്കുന്നതെന്നും പറഞ്ഞ് തട്ടിപ്പ് സംഘം വിശ്വസിപ്പിക്കുന്നു. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിന്റെ പേരിൽ കാർഡ് ലഭിച്ചതിനാൽ തന്നെ സമ്മാനം ലഭിച്ചയാൾക്ക് ആശയക്കുഴപ്പങ്ങളൊന്നും തോന്നുകയുമില്ല. അതിനാൽ തന്നെ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും ഉപഭോക്താവ് കൈമാറാൻ നിർബന്ധിതരുമാവും. പേര്, ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐ.എഫ്..എസ്.സി കോഡ്, തുടങ്ങിവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്. ഇതൊക്കെ കൊടുത്താൽ കിട്ടുന്നത് വലിയ സമ്മാനമല്ലേ എന്ന് വിചാരിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്യും. തുടർന്ന് സമ്മാനം കൈമാറുന്നതിനും, ലഭിക്കുന്നതിനും തട്ടിപ്പു സംഘം വലുതും ചെറുതുമായ തുകകൾ ആവശ്യപ്പെടുകയും ലക്ഷങ്ങൾ വരെ അയച്ചു കൊടുത്ത് വഞ്ചിതരാവുകയുമാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായി ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും കൈമാറുന്നതോടെ അക്കൗണ്ടിലുള്ള മുഴുവൻ പണം ഈ സംഘം കൊണ്ടുപോവാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം തട്ടിപ്പുകളിൽ വീണ് പോവാതെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു