സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ആദ്യദിനം വടക്കൻ കേരളത്തിന്റെ ആധിപത്യം. 238 പോയിന്റുമായാണ് പാലക്കാടൻ കുതിപ്പ്.കടുത്ത വെല്ലുവിളി ഉയർത്തി 235 പോയിന്റോടെ കണ്ണൂർ തൊട്ടുപിന്നിലുണ്ട്. 227 പോയിന്റുള്ള കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് (223), മലപ്പുറം (217), തൃശൂർ (215), തിരുവനന്തപുരം (219), ആലപ്പുഴ (213), വയനാട് (213), പത്തനംതിട്ട (207), എറണാകുളം (212), ഇടുക്കി (206), കൊല്ലം (199), കാസർഗോഡ് (198) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.സ്കൂൾ ഓവറോൾ പട്ടികയിൽ പാലക്കാട് വാണിയംകുളം ടിആർകെ എച്ച്എസ്എസാണ് മുന്നിൽ (56). വയനാട് മാനന്തവാടി ജിവിഎച്ച്എസ്എസ് (53 ) രണ്ടാമതും ആലപ്പുഴ പൂങ്കാവ് എം ഐഎച്ച്എസ് (46 )മൂന്നാമതുമാണ്. ശാസ്ത്രമേളയിലും പാലക്കാടും കണ്ണൂരും തമ്മിലാണ് മത്സരം.രണ്ടു പോയിന്റ് വ്യത്യാസത്തിൽ 54 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. ഐടി മേളയിൽ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പമാണ് (31). സാമൂഹികശാസ്ത്ര മേളയിൽ കോഴിക്കോടിന്റെ മുന്നേറ്റമാണ് (48). കോട്ടയം (46), മലപ്പുറം (45) ടീമുകളാണ് തൊട്ടുപിന്നിൽ. ഗണിതശാസ്ത്ര മേളയിൽ പാലക്കാടിനാണ് ആധിപത്യം (114), കണ്ണൂർ (111) തൊട്ടുപിന്നിലുണ്ട്.ശാസ്ത്രമേളയ്ക്കൊപ്പം സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ പ്രവൃത്തി പരിചയമേളയും വൊക്കേഷൽ വിദ്യാർഥികളുടെ എക്സ്പോയും നഗരത്തിലെ വിവിധ സ്കൂളുകളിലായി അരങ്ങേറുന്നുണ്ട്.എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ, കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂൾ, എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ്, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആർവി എച്ച്എസ്എസ് എന്നിവിടങ്ങളിലായിട്ടാണ് മേള. വൊക്കേഷണൽ എക്സ്പോയും മത്സരങ്ങളും ഇന്ന് സമാപിക്കും. ശാസ്ത്രമേളയ്ക്കു നാളെ കൊടിയിറങ്ങും.