കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആലുവ ശിവരാത്രി മണപ്പുറം ജനലക്ഷങ്ങളെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തില്‍. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ട് മണി മുതല്‍ ഔദ്യോഗികമായി ബലിത്തര്‍പ്പണം ആരംഭിക്കും. പിതൃമോക്ഷ പുണ്യം തേടി ബലിത്തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളെ കാത്തിരിക്കുകയാണ് പെരിയാറിന്‍റെ തീരം. നാളെയാണ് ശിവരാത്രി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളോടയായിരുന്നു ബലിത്തര്‍പ്പണം നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ പതിവിലും കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്. 116 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് പെരിയാറിന്‍റെ തീരത്ത് ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. 75 രൂപയാണ് ബലിത്തര്‍പ്പണത്തിനുള്ള നിരക്ക്. ഒരേ സമയം 2000 പേര്‍ക്ക് ബലിത്തര്‍പ്പണം നടത്താനുള്ള സൗകര്യമുണ്ട്. ശിവരാത്രി നാളില്‍ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ശിവരാത്രി നാളില്‍ മണപ്പുറത്തേക്ക് കെ.എസ്.ആര്‍.ടി.സിയുടെ 210 പ്രത്യേക സര്‍വ്വീസുകള്‍ അധികമായി ഉണ്ടാകും. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് നല്‍കും. ആലുവയിലേക്ക് പ്രത്യേക തീവണ്ടി റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സമയം സര്‍വ്വീസ് നടത്തുവാനുംതീരുമാനിച്ചിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവയിലും പരിസരത്തും നാളെ രാവിലെ 6 മുതൽ മറ്റന്നാള്‍ ഉച്ചയ്ക്ക് 2 വരെ ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങള്‍ക്കും ക്രമസമാധാനത്തിനുമായി ആയിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുക.