Home News ശബരിമലയിലെ ദർശന സമയം അര മണിക്കൂർ വർദ്ധിപ്പിക്കും: ദേവസ്വം ബോർഡ്

ശബരിമലയിലെ ദർശന സമയം അര മണിക്കൂർ വർദ്ധിപ്പിക്കും: ദേവസ്വം ബോർഡ്

35
0
ശബരിമലയിലെ ദർശന സമയം അര മണിക്കൂർ വർദ്ധിപ്പിക്കുമെന്ന് ദേവസ്വം ബോർഡ്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ച പശ്ചാത്തലത്തിൽ തന്ത്രിമാരുമായി കൂടിയാലോചിച്ചാണ് തീരുമാനം. ഇതിനിടെ വിഷയം പരിശോധിക്കുന്നതിനായി ഹൈക്കോടതി
പ്രത്യേക സിറ്റിംഗ് നടത്തി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന  ദേവസ്വം ബഞ്ചാണ് ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയത്.  ശബരിമലയിലെ തിരക്ക്വർദ്ധിച്ച പശ്ചാത്തലത്തിലായിരുന്നു സിറ്റിംഗ് . തിരക്ക് നിയന്ത്രിക്കുന്നതിനായി ദർശനസമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കാനാകുമോ എന്ന്കോടതി ആരാഞ്ഞു. തന്ത്രിയുമായി കൂടിയാലോചിച്ച് അറിയിക്കാമെന്ന്  ദേവസ്വം ബോർഡ് മറുപടി നൽകി.  കോടതി നിർദ്ദേശം ലഭിച്ച് മിനിറ്റുകൾക്കകം തന്ത്രിമാരുമായി കൂടിയാലോചിച്ച് ദേവസ്വം ബോർഡ് തീരുമാനം പ്രഖ്യാപിച്ചു. ദർശനസമയം അരമണിക്കൂർ വർദ്ധിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ അനന്തഗോപൻ കൈരളി ന്യൂസിനോട് പറഞ്ഞു. നിലവിലുള്ള 18 മണിക്കൂർ പതിനെട്ടര മണിക്കൂറായാണ് വർദ്ധിപ്പിക്കുക.തീരുമാനം നാളെ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും ഇന്ന് നടന്ന പ്രത്യേക സിറ്റിംഗിൽ പത്തനംതിട്ട ജില്ലാകളക്ടർ ഓൺലൈനിൽ ഹാജരായി. നിലയ്ക്കലിൽ തിരക്ക് നിയന്ത്രിക്കാൻ ഇടപെടണമെന്ന് കോടതി നിർദ്ദേശം നൽകി. ളാഹ മുതൽ നിലയ്ക്കൽ വരെ പോലീസ് പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. ദർശന സൗകര്യം  കിട്ടാതെ ആരും മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും  കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയതായി ദേവസ്വം ബോർഡും പോലീസും അറിയിച്ചു. ക്യൂ നിൽക്കുന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകുന്നുണ്ടന്നും  ദേവസ്വം ബോർഡ് വ്യക്തമാക്കി. മരക്കൂട്ടത്ത് തിരക്കിനിടയിൽ തീർത്ഥാടകർക്ക് പരുക്കേറ്റ സംഭവത്തിൽ ദേവസ്വം സ്പെഷ്യൽ കമീഷണറോട് കോടതി റിപ്പോർട്ട്  തേടി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണം.
Previous articleശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രി​ല്‍​ നി​ന്ന് അ​ധി​ക​നി​ര​ക്ക്: കെ​എ​സ്ആ​ർ​ടി​സി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി‌
Next articleഗുജറാത്തിന്റെ 18-ാം മത് മുഖ്യമന്തി: ഭൂപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്‌ഞ ചെയ്യും