വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാർച്ച് സംഘടിപ്പിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് നോട്ടീസിൽ മുന്നറിയിപ്പ് നൽകി.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ വൈദികരുടെ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാർച്ച് നടത്താൻ തീരുമാനിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി ശശികലയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.നാലിന് മുക്കോല ജംഗ്ഷനിൽ നിന്നും മാർച്ച് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു. അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം സ്പെഷൽ ഓഫീസറായി കഴിഞ്ഞ ദിവസമാണ് നിശാന്തിനി ഐപിഎസിനെ നിയമിച്ചത്. അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മദ്യനിരോധനവും പൊലീസിന്റെ കനത്ത ജാഗ്രതയും തുടരുകയാണ്