സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനത്തിന് മറയിടാനുള്ള ശ്രമം തുടർച്ചയായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ… ജനങ്ങൾ ഈ നീക്കങ്ങൾ പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്… അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ പട്ടിക പ്രകാരം 50,461 കുടുംബങ്ങൾക്കുള്ള മുൻഗണനാ കാർഡുകളുടെ വിതരണത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്. ഓണ്‍ലൈൻ മുഖേന ലഭിച്ച അപേക്ഷകരിൽ ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തിയാണ് റേഷൻ കാർഡ് അനുവദിച്ചത്. ഉൾപ്പെടാതെ പോയവരെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി. ജന ക്ഷേമത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമ്പോൾ, ചില പ്രത്യേക മാനസികാവസ്ഥയുള്ളവർ തടസ്സങ്ങൾ ദുരുദ്ദേശത്തോടെ ഉയർത്തുന്നുവെന്നും മുഖ്യമന്ത്രി. ഭക്ഷ്യഭദ്രത ഉറപ്പു വരുത്താൻ റേഷൻ കാർഡുടമകളെയും അംഗങ്ങളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ദൗത്യം നൂറു ശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി, ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുത്തു.