റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക. കീവിൽ പ്രസിഡൻറ് ജോ ബൈഡൻ നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം. യുക്രൈന് വേണ്ടി കൂടുതൽ ആയുധങ്ങൾ എത്തിക്കുമെന്നും സൂചനയുണ്ട്. റഷ്യയുമായുള്ള യുദ്ധം ആരംഭിച്ച് ഒരു വർഷമാകുന്നതിനിടെയാണ് ഇതാദ്യമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ യുക്രെയിൻ തലസ്ഥാനമായ കീവിലെത്തിയത്. ത്രിദിന പോളണ്ട് സന്ദർശനത്തിനിടെയാണ് ബൈഡന്റെ കീവിലെ മിന്നൽ സന്ദർശനം. യൂക്രൈന്റെ സമാധാനവും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കാൻ ഞങ്ങൾ കൂടെയുണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. യുക്രെയിൻ പ്രസിഡണ്ട് വോളോദിമിർ സെലിൻസ്കിയും ബൈഡനെ അനുഗമിച്ചു.ജോ ബൈഡൻ്റെ സന്ദർശനത്തിന് പിന്നാലെ റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെന് നൽകുന്ന നിരുപാധിക പിന്തുണ തുടരും. യുദ്ധത്തിൽ യുക്രെയിന് ഉപയോഗിക്കാൻ വേണ്ടി കൂടുതൽ ആയുധങ്ങൾ എത്തിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.തുർക്കിയിൽ തുടരുന്ന സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ നോർഡിക് രാജ്യങ്ങളെ എത്രയും വേഗം നാറ്റോയിൽ അംഗത്വം എടുപ്പിക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബൈഡൻ നടത്തിയ യുക്രെയിൻ സന്ദർശനം റഷ്യയെ കൂടുതൽ പ്രകോപിപ്പിക്കാനാണെന്നാണ് സൂചന.