രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ നടപടി നീക്കവുമായി സഭാ അധ്യക്ഷൻ ജഗദീപ് ധൻകർ.12 പ്രതിപക്ഷ എംപിമാർക്കെതിരെ അവകാശ ലംഘന നടപടിക്കാണ് നീക്കം.തുടർച്ചയായി എംപിമാർ നടുത്തളത്തിൽ പ്രതിഷേധിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രിവിലേജ് കമ്മറ്റിയോട് അന്വേഷണത്തിന് സഭാ അധ്യക്ഷൻ നിർദേശം നൽകിയത്. പാർലമെന്റിൽ ഒന്നാംഘട്ട ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.പ്രതിപക്ഷ പ്രതിഷേധത്തിൽ പലതവണയാണ് ഇരുസഭ നടപടികളും തടസ്സപ്പെട്ടത്. അയവില്ലാത്ത പ്രതിഷേധം ഭരണപക്ഷത്തെ ഇരുസഭകളിലും കൂടുതൽ സമ്മർദ്ദത്തിലാക്കി.ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ 12 പ്രതിപക്ഷ എംപി മാർക്കെതിരെ അവകാശ ലംഘന നടപടിക്കായി സഭാ അധ്യക്ഷന്റെ നീക്കം.രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻകർ പ്രിവിലേജ് കമ്മറ്റിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടു.9 കോൺഗ്രസ് എംപിമാർക്കും മൂന്ന് എഎപി എംപി മാർക്കുമെതിരെയാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്.തുടർച്ചയായി എംപിമാർ നടുത്തളത്തിൽ പ്രതിഷേധിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രണ്ടാംഘട്ട ബജറ്റ് സമ്മേളനം മാർച്ച് 13ന് ആരംഭിക്കാനിരിക്കെയാണ് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തപ്രതിരോധിക്കുവാനുള്ള സഭാ അധ്യക്ഷന്റെ നീക്കം.അതേസമയം രണ്ടാംഘട്ട പാർലമെൻറ് സമ്മേളനത്തിൽ അദാനി ഓഹരി തട്ടിപ്പ് വിഷയവും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും പ്രതിപക്ഷം സഭയ്ക്കുള്ളിൽ ഭരണപക്ഷത്തിനെതിരെ ആയുധമാക്കുമെന്നതിൽ സംശയമില്ല