യുക്രെയിൻ യുദ്ധത്തോടെ പുതിയ ലോകക്രമം ഉടലെടുക്കുമെന്ന് പഠനം. യുദ്ധത്തിൽ പാശ്ചാത്യ സഖ്യം ഒന്നിച്ചു നിന്നുവെങ്കിലും മറ്റുള്ളവരിൽ നിന്ന് അകന്നു പോയതായി സൂചന. എന്നാൽ ഒന്നിച്ചു നിന്ന് തിരിച്ചടിക്കലാണ് യുദ്ധപ്രതിവിധി എന്നാണ് ജോ ബൈഡൻ ആവർത്തിക്കുന്നത്. യുക്രെയിൻ റഷ്യ യുദ്ധം ഒരു വർഷമാകുമ്പോൾ യുദ്ധം പുതിയ ലോകക്രമം സൃഷ്ടിച്ചെടുക്കുകയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് എന്ന സംഘടന അമേരിക്ക, റഷ്യ ബ്രിട്ടൻ, ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. യുദ്ധത്തിലെ പാശ്ചാത്യസഖ്യത്തിന്റെ ഐക്യം പ്രകടമായെന്നും എന്നാൽ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നുമാണ് ജനങ്ങളുടെ പ്രതികരണം. പാശ്ചാത്യ നേതാക്കളുടെ ഗംഭീരൻ പ്രസംഗങ്ങൾ വാർത്തയാകുന്നുണ്ടെങ്കിലും ലോകത്തെ പിടിച്ചുകുലുക്കാനാകുന്നില്ല എന്നാണ് സൂചന. റഷ്യ യുക്രൈനെ ആക്രമിച്ച് പിടിച്ചെടുത്ത പ്രദേശങ്ങൾ മുഴുവനായും തിരിച്ചുപിടിക്കാൻ കഴിയില്ലെന്നും ജനം കരുതുന്നുണ്ട്. അതേസമയം തന്നെ, അവസാനിക്കാത്ത പ്രകോപന പ്രതികരണങ്ങളുമായി വാർത്തയിലും സോഷ്യൽ മീഡിയയിലും നിറയുകയാണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. റഷ്യ ആക്രമിക്കുന്നത് ലോകത്തിലെ മുഴുവൻ ജനാധിപത്യ രാജ്യങ്ങളെയാണെന്നും പ്രതിവിധി ഒന്നിച്ച് നിന്ന് തിരിച്ചടിക്കലാണെന്നുമാണ് ബൈഡൻ്റെ പ്രഖ്യാപനം. ജോ ബൈഡൻ കീവിൽ സന്ദർശനം നടത്തുന്ന സമയത്ത് റഷ്യ ഒരു മിസൈൽ പരീക്ഷണം നടത്തിയെന്നും അത് പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ പുതിയ പ്രകോപന നീക്കങ്ങൾക്കുള്ള ന്യായീകരണം.