കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് നാളെ തിരിതെളിയും. കോവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളക്കു ശേഷമാണ് ബിനാലെ മടങ്ങി എത്തുന്നത്.കലയുടെ വസന്തകാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലം ഫോർട്ട് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി പൂർത്തിയായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരാണ് ബിനാലെ അഞ്ചാം പതിപ്പിൻ്റെ ഭാഗമാവുക . . ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണ ബിനാലെ ഒരുക്കുന്ന ക്യുറേറ്റർ. ആസ്പിൻവാൾ ഹൗസ് തന്നെയാണ് ഇക്കുറിയും പ്രധാന വേദി. പതിനഞ്ച് വേദികളിൽ ഒന്നൊഴികെ മറ്റെല്ലാം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി മേഖലയിലാണ്. ഇത്തവണ ആദ്യമായി പ്രാദേശിക കലാകാരന്മാർക്കായി നഗരത്തിലെ ദർബാർ ഹാളിൽ പ്രത്യേക വേദിയൊരുക്കിയതായി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിന്യൂ ബോണി തോമസ് പറഞ്ഞു.ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും സംഗീതവും സാഹിത്യവും സിനിമയുമെല്ലാം ബിനാലെ അരങ്ങുകളെ ഇനി 4 മാസം സജീവമാക്കും . നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും എന്നതാണ് ബിനാലെ ഈ പതിപ്പിൻ്റെ പ്രമേയം. കോവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളക്കു ശേഷം മടങ്ങി എത്തുന്ന കലാവിരുന്നിനെ നാട് നെഞ്ചേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനാലെ ട്രസ്റ്റിയും എഴുത്തുകാരനുമായ എൻ എസ് മാധവൻ പറഞ്ഞു.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നാളെ വൈകിട്ട് 6ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ , പി രാജീവ് , വി എൻ വാസവൻ ,പി എ മുഹമ്മദ് റിയാസ് , കെ രാജൻ, മേയർ എം അനിൽകുമാർ , എം പി മാർ എം എൽ എ മാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും