മന്ത്രിമാരുട പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്ഷന് തുടരാമെന്ന് ഹൈക്കോടതി.പേഴ്സണല്‍ സ്റ്റാഫ് നിയമന രീതി മാറ്റണമെന്നും പെന്ഷന് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളി.പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് വിഷയത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
കൊച്ചി ആസ്ഥാനമായ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളിയത്.പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്ഷന് തുടരാമെന്ന് കോടതി വ്യക്തമാക്കി,പെന്ഷന് വിഷയത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.പേഴസണല്‍ സ്റ്റാഫിനെ മന്ത്രിമാര്‍ വ്യക്തിപരമായി തെരഞ്ഞെടുക്കുകയാണെന്ന വാദം കോടതി അംഗീകരിച്ചു.നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.അതേ സമയം പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം നിജപ്പെടുത്തണമെന്നും ഓരോ തസ്തികയിലും എത്ര പേര് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നതിനെതിരെ നേരത്തെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.പെന്ഷന് നിര്‍ത്തലാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയായിരുന്നു സമാന ആവശ്യം ഉന്നയിച്ച് ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയത്.
മറ്റൊരു സംസ്ഥാനത്തും കേന്ദ്രത്തിലും ഇല്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ച് പെന്ഷന് നല്കിയിരുന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.ഒമ്പത് വര്‍ഷം പിന്നിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും പെന്‍ഷനില്ലെന്നും എന്നാല്‍ രണ്ടര വര്‍ഷം പിന്നിട്ട പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.മൂന്നുവര്‍ഷം സര്‍വ്വീസുള്ളവര്‍ക്കും പെന്‍ഷനുണ്ടെന്നും അവരേക്കാള്‍ കുറഞ്ഞ് നിരക്കാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് നല്‍കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.പെന്ഷന് സംസ്ഥാന വിഷയമാണെന്നും സര്‍ക്കാരിന് തീരുമാനിക്കാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്ഷന് തുടരാമെന്ന് ഉത്തരവിടുകയായിരുന്നു