Home News ഭീതിയൊഴിയാതെ: റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷം

ഭീതിയൊഴിയാതെ: റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷം

21
0
നിരവധി നഗരങ്ങളെ മരുപ്പറമ്പാക്കിയ റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷം പിന്നിടുകയാണ്. പതിനായിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട യുദ്ധം 80 ലക്ഷം യുക്രെയിൻ പൗരന്മാരെയാണ് നാടുകടത്തിയത്. 2022 ഫെബ്രുവരി 24ന് രാവിലെ ആരംഭിച്ച യുദ്ധത്തിൻ്റെ നാൾവഴിയിലേക്ക്. 2022 ഫെബ്രുവരി 23ന് രാത്രിയും പിറ്റേദിവസം 24ന് രാവിലെയുമായി ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. അയൽ രാജ്യവും കൂടപ്പിറപ്പുമായ യുക്രയിനെ ഏകപക്ഷീയമായി ആക്രമിക്കാൻ ഉണ്ടായിരുന്ന കാരണം പലതാണ്. സോവിയറ്റ് തകർച്ചയ്ക്ക് ശേഷം റഷ്യക്ക് തൊട്ടടുത്തേക്ക് വളർന്നുകൊണ്ടിരിക്കുന്ന നാറ്റോസഖ്യം യുക്രെയിനിൽ എന്ന് തൊടുമെന്ന ഭീതി റഷ്യ. അപ്പോഴും യുക്രൈൻ്റെ നിരായുധീകരണത്തിനും നവനാസി ഭരണത്തെ താഴെയിറക്കാനുമാണ് സൈനിക മുന്നേറ്റം എന്നാണ് പുടിൻ നൽകിയ വിശദീകരണം.
യുക്രെയിന്റെ വടക്കും തെക്കും കിഴക്കും പ്രദേശങ്ങൾ കീഴടക്കി മുന്നേറിയ റഷ്യ ഖേഴ്സൺ നഗരവും സാപ്പൊറീഷ്യ ആണവ നിലയവും പിടിച്ചെടുത്തു. തലസ്ഥാന നഗരമായ കീവ് തന്നെയായിരുന്നു പുട്ടിൻ സേനയുടെ ലക്ഷ്യം. കീവിലേക്ക് പട നീക്കം നടത്തിയെങ്കിലും പിടിച്ചെടുക്കാനും യുക്രെയിനെ പൂർണ്ണ നിയന്ത്രണത്തിൽ ആക്കാനും കഴിഞ്ഞില്ല. ഇതിനിടയിലും മരിയുപോളും ഡോൺബാസ്സും അടക്കം നിരവധി പ്രദേശങ്ങൾ കൈപ്പിടിയിൽ ആക്കാൻ ആയിരുന്നു റഷ്യൻ നീക്കം. വലിയ ആക്രമണങ്ങൾ കിഴക്ക്, തെക്ക് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ റഷ്യയ്ക്ക് കരിങ്കടലിലായിരുന്നു ആദ്യ തിരിച്ചടി. അന്തർദേശീയ തലത്തിൽ യുക്രെന് വേണ്ടി വാദിച്ച് അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ സഖ്യം മുന്നേറി. യുക്റൈന് ആളും ആവനാഴിയും നിറയ്ക്കാൻ മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളും രംഗത്തെത്തി. യുക്രെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നിരവധി സാധാരണ മനുഷ്യർ കൊല്ലപ്പെട്ടുകൊണ്ടേയിരുന്നു. സിവിലിയൻസിനെ രംഗത്തിറക്കിയും വിമത പ്രദേശങ്ങൾ ഉയർത്തിപ്പിടിച്ചും ആക്രമണം കടുപ്പിക്കാൻ നീക്കം നടത്തിയ റഷ്യക്ക് ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തും യുക്രെയിൻ മറുപടി നൽകി. എന്നാൽ, വൈദ്യുതി മേഖലയിലെ നിയന്ത്രണം പിടിവള്ളിയാക്കിയ റഷ്യ യുക്രെയിനെ ഇരുട്ടിലാക്കി.യുദ്ധസന്നാഹത്തിന്റെ നേതൃത്വത്തിൽ നേരിട്ടിറങ്ങിയിരുന്ന യുക്രെയിൻ പ്രസിഡണ്ട് സെലിൻസ്കി ആദ്യമായി വൈറ്റ് ഹൗസിൽ എത്തി ജോ ബൈഡനെ സന്ദർശിച്ചു. നേതൃത്വത്തിൽ ചർച്ചകളും സംവാദങ്ങളും ചൂടുപിടിച്ചപ്പോഴും സൈനികർ തമ്മിലുള്ള യുദ്ധം തുടരുക തന്നെയായിരുന്നു. ഇരു ചേരുകളുടെയും ശാക്തീക ബലാബലം പരീക്ഷിക്കുന്നതായിരുന്നു പുതുവർഷത്തിനു ശേഷമുള്ള പോരാട്ടങ്ങളും. ഇതിനിടയിൽ കീവ് സന്ദർശിച്ച് ജോ ബൈഡനും ആണവ കരാറിൽ നിന്ന് പിന്മാറി പുട്ടിനും രംഗം കൊഴുപ്പിച്ചു. തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ യുക്രെയിൻ ജനത നിലയില്ലാ കയത്തിൽപ്പെട്ട് കാലിട്ടടിക്കുകയാണ്. ഓരോ ചേരിയും പരസ്പരം കൊന്നുകളഞ്ഞ സാധാരണക്കാർക്കും പട്ടാളക്കാർക്കും എണ്ണമില്ല. എത്രയും വേഗം യുദ്ധം അവസാനിക്കുമെന്നും സമാധാനം പുലരുമെന്നുമാണ് ലോക ജനതയുടെ പ്രതീക്ഷ.
Previous articleഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്ന് മുതൽ തീയറ്ററുകളിൽ
Next articleബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും;എസ്ബിഐയില്‍ ഇന്ന് പണിമുടക്ക്