ബിബിസി ഓഫീസുകളിൽ മൂന്നു ദിവസം നീണ്ടു നിന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പൂർത്തിയായി. ദില്ലി, മുംബൈ ഓഫിസുകളിൽ റെയ്ഡ് നടത്തിയത് 60 മണിക്കൂർ. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്നും ഐ ടി വകുപ്പിന്റെ വിശദീകരണം. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തി ബിബിസി സംപ്രേഷണം ചെയ്‌ത ഡോക്യുമെന്ററിയ്ക്ക് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ മൂന്ന് ദിവസം നീണ്ടു നിന്ന റെയ്ഡ്. ദില്ലിയിലെ കെ ജി മാർഗിലെ ഓഫിസിലും മുംബെ സാന്താക്രൂസിലെ ബിബിസി സ്റ്റുഡിയോയിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ 60 മണികൂറാണ് റെയ്ഡ് നടത്തിയത്. ജീവനക്കാരെ ചോദ്യംചെയ്‌തതിനുപുറമെ മൊബൈലുകളിലെയും കംപ്യൂട്ടറുകളിലെയും വിവരങ്ങൾ പകർത്തുകയും ചെയ്തു. എന്നാൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ അനൗദ്യോഗിക വിശദീകരണം. ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ളോണിങ് നടത്തിയതന്നും ശേഷം തിരികെ നൽകിയെന്നുമാണ് സൂചന. ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതിൽ തടസപ്പെടുത്തിയില്ലെന്നും ഉദ്യേഗസ്ഥർ വിശദീകരിച്ചു. അതേസമയം റെയ്‌ഡിന്റെ യാതൊരു വിശദാംശങ്ങളും പുറത്തുവിടരുതെന്ന കർശന നിർദേശം ഐടി വകുപ്പ് ബിബിസി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. അന്താരാഷ്‌ട്രതലത്തിൽ വലിയ വിമർശങ്ങൾ ഉയർന്നിട്ടും റെയ്ഡിൽ ഇതുവരെ ഔദ്യോഗിക വിശദീകരണത്തിന് ഐടി വകുപ്പ് തയ്യാറായിട്ടില്ല. ലാഭം വലിയ തോതിൽ വഴിതിരിച്ചു വിടുന്നു, ട്രാൻസ്‌ഫർ പ്രൈസിങ് ചട്ടങ്ങളുടെ തുടർച്ചയായ ലംഘനം എന്നീ ആക്ഷേപങ്ങളാണ് ഐടി വകുപ്പ് ബിബിസിക്ക് മേൽ ആരോപിക്കുന്നത്. എന്നാൽ ഇന്ത്യൻ നികുതി വിഭാഗവുമായുള്ള സഹകരണം തുടരുമെന്നും ബിബിസി അറിയിച്ചു. ചില ജീവനക്കാരെ നീണ്ട ചോദ്യംചെയ്യലിന് വിധേയരാക്കിയെന്നും രാത്രി ഓഫിസിൽ തങ്ങേണ്ടി വന്നതായും ബിബിസി പറഞ്ഞു. ബിബിസി വിശ്വാസ്യതയുള്ള, സ്വന്തന്ത്രമായ മാധ്യമസ്ഥാപനമാണെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.