പ്രമുഖ നോവലിസ്റ്റും ചെറു കഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ലാറ്റിൽ, ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു.വഞ്ചിയൂരിലെ ഫ്ലാറ്റിനുള്ളിൽ സോഫയ്ക്ക് സമീപമാണ് സതീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷം സതീഷ് ബാബുവിനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനാൽ അയൽവാസികളും ബന്ധുക്കളും ചേർന്ന് വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു. ഭാര്യ നാട്ടിൽ പോയതിനാൽ സതീഷ് ബാബു ഒറ്റയ്ക്കായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഫ്ലാറ്റിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963 ലാണ് സതീഷ് ബാബുവിന്റെ ജനനം.മലയാള സാഹിത്യത്തിലും, ദ്യശ്യ മാധ്യമ രംഗത്തും സതീഷ് ബാബുവിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നിവയ്ക്കും അർഹനായി. കേരള സാഹിത്യ അക്കാദമിയിലും ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും, ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.