പ്രപഞ്ച വികാസത്തെ പറ്റി പഠിക്കാൻ പുതിയ ടെലിസ്കോപ്പുമായി യൂറോപ്യൻ സ്പേസ് ഏജൻസി. യൂക്ലിഡ് എന്ന് പേരിട്ടിരിക്കുന്ന ടെലിസ്കോപ്പ് ജൂലായിൽ ആകാശത്തേക്ക് പറന്നുയരും.ബിഗ്ബാങ് തിയറിയിൽ ഊന്നിയുള്ള പ്രപഞ്ച വികാസവും ഇരുണ്ട ദ്രവ്യവും പഠന വിധേയമാക്കുന്ന യൂക്ലിഡ് യൂറോപ്യൻ സ്പേസ് ഏജൻസി നിർമിച്ചെടുത്ത പുതിയ ആകാശ ദൂരദർശിനിയാണ്. വരുന്ന ജൂലായിൽ സ്പേസ് എക്സ് റോക്കറ്റിൻ്റെ സഹായത്തോടെ കേപ് കാനവറൽ വിക്ഷേപണ തറയിൽ നിന്ന് വിക്ഷേപിക്കാനാണ് തീരുമാനം. നിലവിൽ ഫ്രാൻസിലെ കാനിൽ പരീക്ഷണത്തിലുള്ള യൂക്ലിഡ് തെയിൽസ് അലീനിയ ടെസ്റ്റ് ഫെസിലിറ്റിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ വെച്ചുള്ള പരീക്ഷണങ്ങൾക്ക് ശേഷം ഫൈനൽ ടെസ്റ്റ് നടത്താനാണ് തീരുമാനം.ബഹിരാകാശത്തേക്ക് വിക്ഷേപിച്ചാൽ യൂക്ലിഡ് കറങ്ങിനടന്ന് മനുഷ്യ നേത്രങ്ങൾക്ക് കാണാനാകാത്ത കാഴ്ചകൾ ചിത്രങ്ങളായി ഒപ്പിയെടുക്കും.യൂക്ലിഡ് ആകാശത്ത് വച്ച് എടുക്കുന്ന ഇത്തരം ത്രിമാന ചിത്രങ്ങൾ ചേർത്തുവച്ച് പ്രപഞ്ചത്തിന്റെ മുഴുവനായുള്ള ത്രീഡി മാപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.