പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോർഡ്. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് സമ്മർദങ്ങൾക്കൊടുവിൽ പിന്‍വലിച്ചത്. കൗ ഹഗ് ഡേ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്‍മാറ്റം.
പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന ആഹ്വാനം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സര്‍ക്കുലറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ആക്ഷേപങ്ങളും ഉയർന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം വാർത്തയുമായി. എന്തുകൊണ്ട് ഫെബ്രുവരി 14 തന്നെ കൗ ഹഗ് ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു എന്നതായിരുന്നു ഉയർന്ന പ്രധാന ചോദ്യം. ഇതിന് പിന്നാലെയാണ് ഫെബുവരി 6ന് മൃഗക്ഷേമ ബോർഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ബോർഡ് അറിയിച്ചു. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകുമെന്ന് ബോര്‍ഡ് സർക്കുലറിൽ ചൂണ്ടികാട്ടിയിരുന്നു. കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് യുപി മൃഗസംരക്ഷ വകുപ്പ് മന്ത്രി ധരംപാൽ സിംഗും രംഗത്ത് എത്തിയിരുന്നു. പശുവിനെ തൊടുന്നത് രക്ത സമ്മർദം കുറയ്ക്കുമെന്നും രോഗത്തെ അകറ്റുമെന്നുമാണ് മന്ത്രി പറഞ്ഞത്. അതേ സമയം സംഭവത്തിൽ
ബിജെപിയ്ക്കും സംഘപിരാവിറിനുമെതിരെ വലിയ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്