പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു… ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവ്വഹിച്ചു… 48 ലക്ഷത്തിലധികം കുട്ടികൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകുന്നത് ലോകത്താദ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകുകയാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ ചർച്ച നടക്കും. കുട്ടികൾക്ക് അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഈ അഭിപ്രായങ്ങൾ സ്കൂൾതലത്തിലും ബിആർസി തലത്തിലും ക്രോഡീകരിച്ചതിനു ശേഷം എസ്സിഇആർ ടിക്ക് കൈമാറും. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് നിർവഹിച്ചത്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തിൽ പരിഗണിക്കപ്പെടുന്ന കാലമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാൻ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പാണ് കുട്ടികളുടെ ചർച്ചയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.