കര്‍ഷകരില്‍നിന്നു നെല്ലു ശേഖരിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ശാസ്ത്രീയമായ രീതി സ്വീകരിക്കണമെന്ന് ഹൈക്കോടതി സപ്ലൈകോയ്ക്ക് നിര്‍ദേശം നല്കി. നെല്‍ക്കര്‍ഷകനായ കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാം നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.ഹര്‍ജിക്കാരന്റെ പക്കല്‍നിന്ന് 1,551 കിലോ നെല്ലു ശേഖരിച്ചപ്പോള്‍ ഗുണനിലവാരം വിലയിരുത്തി 44 കിലോ കുറവു വരുത്തി. ഇതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്തത്. ഗുണനിലവാരവും തൂക്കവും ഉറപ്പു വരുത്തുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്നും ഹര്ജിക്കാരന് ആരോപിച്ചു.ഉദ്യോഗസ്ഥരാണ് ഗുണനിലവാരം ഉറപ്പാക്കുന്നതെന്നും മില്ലുകളുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് കൊടുക്കുന്ന നെല്ലിന്റെ 68 ശതമാനം അരി മാത്രമാണ് തിരിച്ചു കിട്ടുന്നതെന്നും സപ്ലൈകോ വിശദീകരിച്ചു.ഗുണനിലവാരവും തൂക്കവും കൃത്യമായി ഉറപ്പാക്കിയില്ലെങ്കില്‍ സപ്ലൈകോയ്ക്ക് വന്‍ നഷ്ടമുണ്ടാകുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഗുണനിലവാരം ഉറപ്പാക്കാന്‍ ശാസ്ത്രീയ രീതി അവലംബിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.