നാഷണൽ ഹെറാൾഡ് കേസിൽ കുരുക്കു മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഇരുവരും പ്രധാന ഓഹരി ഉടമകളായിട്ടുള്ള യങ് ഇന്ത്യയിൽ അഞ്ച് കോടി രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി യുടെ നീക്കം.ഷെൽ കമ്പനികളിലൂടെ നാല് മുതൽ 5 കോടി രൂപ വരെ കൈമാറിയെന്നും ഇത്തരം കമ്പനികളുടെ ഡയറക്ടർമാരെയും ഓഹരി ഉടമകളെയും ഇഡി ചോദ്യം ചെയ്തതായുമാണ് പുറത്ത് വരുന്ന വിവരം. ഇവരിൽ നിന്ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് നിർണ്ണായക തെളിവുകൾ കിട്ടിയെന്നും പറയുന്നു.. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുംകോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും , രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യുക. കടം കയറിയ നാഷണൽ ഹെറാൾഡിനെ രക്ഷിക്കാൻ കോൺഗ്രസ് 90 കോടി നൽകിയെങ്കിലും 2008ൽ പൂട്ടേണ്ടി വന്നു. 2010ൽ എജെഎൽ കമ്പനിയെ യങ് ഇന്ത്യ ഏറ്റെടുത്തു. സോണിയക്കും രാഹുലിനും 76 ശതമാനം ഓഹരിയാണ് ഇതിലുള്ളത്. കൈമാറ്റത്തിനെതിരേ 2013ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ദില്ലി വിചാരണക്കോടതിയിൽ പരാതി നൽകിയിരുന്നു. ലാഭം നേടാൻ മാത്രമാണ് സോണിയയും രാഹുലും എജെഎലിനെ ഏറ്റെടുത്തതെന്നും കോൺഗ്രസിന്റെ 90 കോടി കടത്തിൽ 50 ലക്ഷം മാത്രമാണ് എജെഎൽ തിരികെ നൽകിയതെന്നും ബാക്കി 89.5 കോടി എഴുതിത്തള്ളിയെന്നും സ്വാമിയുടെ പരാതിയിൽ ആരോപിക്കുന്നു. സിബിഐ അന്വേഷിച്ച കേസിലെ സാമ്പത്തിക ക്രമക്കേടുകളിലാണ് ഇഡി അന്വേഷണം.