
നന്മയുള്ള പൊലീസുകാർക്ക് ബഹുമതി നൽകാനൊരുങ്ങി കേരള പൊലീസ്. ഇതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക സെൽ രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ മേൽനോട്ടത്തിലാണ് സെൽ പ്രവർത്തിക്കുകപൊലീസുദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചെയ്യുന്ന സദ്പ്രവർത്തികൾക്കാണ് അംഗീകാരം നൽകാനൊരുങ്ങുന്നത്. ഇതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഗുഡ് വർക്ക് സെല്ലിന് രൂപം നൽകി. ഉദ്യോഗസ്ഥർ ചെയ്ത സദ്പ്രവർത്തികൾ ഇ മെയിൽ വിലാസത്തിലയയ്ക്കണം. ഡ്യൂട്ടിയ്ക്കിടയിലും വ്യക്തിപരമായും ചെയ്ത നല്ല കാര്യങ്ങൾ രേഖപ്പെടുത്താം. സാമൂഹിക പുരോഗതിക്കായി നടത്തുന്ന ദാന പ്രവർത്തികൾ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, പരിസ്ഥിതി പ്രവർത്തനം, വിദ്യാഭ്യാസം, കായികം, കല, സാഹിത്യം, സിനിമ തുടങ്ങിയവയെല്ലാം വ്യക്തിപരമായ പ്രവർത്തികളിൽ ഉൾപ്പെടുത്താം. കുടുംബാംഗങ്ങളുടെ നേട്ടങ്ങളും ബഹുമതികളും ഇതിൽ രേഖപ്പെടുത്താം. പൊലീസുകാർക്ക് നേരിട്ടോ യൂണിറ്റ് മേധാവികൾ മുഖേനയോ വിവരങ്ങൾ കൈമാറാം. സെൽ പ്രവർത്തനത്തിന്റെ ഏകോപനത്തിനായി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകളിൽ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. പൊലീസ് മേധാവികൾ ഞായറാഴ്ചകളിൽ ക്രോഡീകരിച്ച റിപ്പോർട്ട് എഡിജിപിയ്ക്ക് അയക്കണമെന്നും നിർദ്ദേശമുണ്ട്. അർഹരായ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ബഹുമതിയും അംഗീകാരവും നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.