നടന് ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്. തന്റെ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്. പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് അഭിനയിക്കാനെത്തിയതെങ്കിലും ബാലയ്ക്കും രണ്ട് ലക്ഷം രൂപ നല്കി. പിന്നീട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. നടന് ബാലയ്ക്കും ഛായാഗ്രാഹകന്‍ എല്‍ദോ ഉള്‍പ്പെടെ ടെക്നീഷ്യന്മാര്ക്കും പണം നല്‍കിയതിന്റെ രേഖകളുമായായിരുന്നു ഉണ്ണി മുകുന്ദന്റെ വാര്‍ത്താസമ്മേളനം. പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചത്. എന്നിട്ടും ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ രണ്ട് ലക്ഷം രൂപ നല്കി. ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം രൂപയും കൈമാറി. ടെക്നീഷന്മാരില് ഒരാള്‍ പോലും പ്രതിഫലമില്ലാതെ പ്രവര്‍ത്തിച്ചിട്ടില്ല. സ്ത്രകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെയാണ് പ്രതിഫലം നല്‍കിയത്. പണം നല്‍കിയതിന്റ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.ബാല അഭിനയിച്ച റോള്‍ മറ്റൊരു നടനെക്കൊണ്ട് അഭിനയിപ്പിക്കാനായിരുന്നു സംവിധായകന് ഇഷ്ടം. എന്നിട്ടും എന്റെ നിര്‍ബന്ധത്തിനാണ് ബാലയെ കാസ്റ്റ് ചെയ്തത്. ബാലയ്ക്ക് ചെയ്യാന്‍ പ്രയാസമായിരുന്ന ഡബ്ബിംഗ് ഭാഗങ്ങള്‍ മിമിക്രി ആര്‍ട്ടിസ്റ്റുകളെ വച്ച് ചെയ്യേണ്ടി വന്നുവെന്നും ഉണ്ണി മുകുന്ദന്. ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്തിനൊപ്പമായിരുന്നു ഉണ്ണി മുകുന്ദന്റെ വാര്‍ത്താ സമ്മേളനം.താരസംഘടനയായ അമ്മയില്‍ പരാതി നല്‍കാനോ നിയമനടപടി സ്വീകരിക്കാനോ ആലോചിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.