ദില്ലി മേയർ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് വിജയം. ആം ആദ്മിയുടെ ഷെല്ലി ഒബ്‌റോയിയെ ദില്ലിയുടെ പുതിയ മേയറായി തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയെ 34 വോട്ടുകൾക്കാണ് ഷെല്ലി ഒബ്റോയ് പരാജയപ്പെടുത്തിയത്. ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദില്ലി സിവിക് സെന്ററിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ എ എ പി യുടെ ഷെല്ലി ഒബ്റോയ് പുതിയ ദില്ലി മേയറായി തിരഞ്ഞെടുത്തു. ബി ജെ പി സ്ഥാനാർത്ഥി രേഖ ഗുപ്തയ്ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒബ്റോയിയുടെ വിജയം. ഷെല്ലി ഒബറോയി 150 വോട്ടും ബി ജെ പി സ്ഥാനാർത്ഥി 116 വോട്ടും നേടി.ദശാബ്ദങ്ങൾക്കു ശേഷമാണ് ദില്ലിക്ക് ഒരു വനിത മേയറെ ലഭിക്കുന്നത്.ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറിൽ നടന്നിരുന്നെങ്കിലുംനാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. എഎപി-ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് തിരഞ്ഞെടുപ്പ് മൂന്ന് തവണയാണ് മാറ്റിവെച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമായിരുന്നു ഈ തവണത്തെ തിരഞ്ഞെടുപ്പ് നടപടികൾ. നാമനിർദേശo ചെയ്യപെട്ട അംഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 15 വർഷം കോർപറേഷൻ ഭരിച്ച ബിജെപിയെ അട്ടിമറിച്ചാണ് ആം ആദ്മി പാർട്ടി എംസിഡി ഭരണം പിടിച്ചത്. 250 വാർഡിൽ ആപ്പിന് 134 കൗൺസിലർമാരുണ്ട്. അതേ സമയം ആം ആദ്മിയുടെ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് ഗുണ്ടകൾ തോറ്റു പൊതു ജനം ജയിച്ചു എന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു