ദില്ലി എയിംസ് സെർവറിലെ ഡേറ്റ വീണ്ടെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. റാൻസംവെയർ ആക്രമണമുണ്ടായി 20 ദിവസത്തിനുശേഷമാണ് ഡേറ്റ വീണ്ടെടുക്കുന്നത്. പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നും അഞ്ച് സെർവറുകളിലാണ് ആക്രമണമുണ്ടായതെന്നും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
എയിംസിൽ ആകെയുണ്ടായിരുന്ന നൂറു സെര്‍വറുകളില്‍ 5 സെർവറുകളാണ് ഹാക്ക് ചെയ്തത്. നവംബര്‍ 23നായിരുന്നു ഹാക്കിങ് നടന്നത്. പിന്നാലെ ദിവസങ്ങളോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്കുശേഷം ഡാറ്റകൾ പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. വന്നെറെന്‍ എന്ന റാന്‍സംവെയെര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സൈബർ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഹാക്കർമാർ തന്നെയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ദില്ലി പൊലീസിന്റെ എഫ് ഐ അറിൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൈബര്‍ വീഴ്ച റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ രണ്ട് സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥരെ എയിംസ് സസ്പെന്റ് ചെയ്തിരുന്നു. ദില്ലി ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അപ്പോയ്മെന്റ്, ബില്ലിങ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സെര്‍വര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ ആശുപത്രിയിലെ ഡേറ്റ ശേഖരണം മാനുവല്‍ ആക്കിയിരുന്നു. ഹാക്ക് ചെയ്ത സെര്‍വറുകള്‍ പുന:സ്ഥാപിച്ചെങ്കിലും ഉടൻ തന്നെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ചികിത്സ തേടുന്ന ദില്ലി എയിംസിലെ സൈബര്‍ സുരക്ഷാ വീഴ്ചയ്ക്ക് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.