റെക്കോർഡിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ തുടർച്ചയായി കൂടുതൽ ദിവസം മുഖ്യമന്ത്രിയായതിലാണ് റെക്കോർഡ്. 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോർഡാണ് പിണറായി വിജയൻ മറികടന്നത്.2016 മേയ് 5ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയൻ ഇന്ന് 2364 ദിവസം മുഖ്യമന്ത്രി പദത്തിൽ പിന്നിട്ടു. ഇൗ ദിനത്തിൽ സി അച്യുതമേനോന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. സി അച്യുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണെങ്കിൽ പിണറായി വിജയൻ തുടർച്ചായായ 2 മന്ത്രിസഭാ കാലത്താണ് മുഖ്യമന്ത്രി പദത്തിൽ തുടരുന്നത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്. രണ്ടു തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് മുഖ്യമന്ത്രിയായതെന്ന പ്രത്യേകതയും പിണറായി വിജയനുണ്ട്. ഇ കെ നായനാര്‍ക്കാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡ്. പക്ഷെ അത് തുടര്‍ച്ചയായിട്ടായിരുന്നില്ല. 10 വർഷവും 353 ദിവസവുമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്