ജിദ്ദയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും എയർഇന്ത്യ എക്‌സ്പ്രസ് സർവ്വീസ് ആരംഭിച്ചു. ഇന്ന് കണ്ണൂരിൽനിന്നും 172 പേരുമായി IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഉമ്ര തീർത്ഥാടകരാണ് യാത്രക്കാരിൽ കൂടുതലും.172 യാത്രക്കാരുമായി ജിദ്ദയിൽനിന്നെത്തിയ IX798 വിമാനം 2.09നാണ് കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു സ്വീകരണം. വേഗത്തിലുള്ള ക്ലിയറൻസുകൾക്കായി പ്രത്യേക ഇമിഗ്രേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തി. തീർത്ഥാടകർക്ക് പ്രാർത്ഥനാമുറികളും വിശ്രമസ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ഞായറാഴ്ചകളിലും എയർഇന്ത്യ എക്‌സ്‌പ്രസിന്റെ ബോയിംഗ് 737-800 എയർക്രാഫ്റ്റാണ് കണ്ണൂർ-ജിദ്ദ സർവ്വീസ് നടത്തുക.