ജനങ്ങൾക്ക് ഇരുട്ടടിയായി പലിശാ നിരക്കുകൾ വീണ്ടും കൂട്ടി ആറര ശതമാനമാക്കി റിസർവ് ബാങ്ക്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ എന്ന പേരിലാണ് 25 ബേസിസ് പോയിൻ്റുകൾ കൂട്ടിയത്. അതേസമയം, അടിസ്ഥാന പലിശാ നിരക്കിലെ വര്‍ധന വായ്പാപലിശയും വിലക്കയറ്റവും കടുപ്പിക്കും. പരിധിവിട്ടുയർന്ന നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ എന്ന പേരിൽ കഴിഞ്ഞ അഞ്ച് ധനനയ അവലോകനയോഗങ്ങളിലും അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനം എടുത്തിരുന്നു. കൊവിഡിന് ശേഷം പടിപടിയായി പലിശ വർധിപ്പിച്ചത് രണ്ടര ശതമാനം. ഇത്തവണ 25 ബേസിസ് പോയിൻ്റ് കൂടി ഉയർത്തി ആറര ശതമാനത്തിൽ പലിശ എത്തിക്കുകയാണ് ഇന്ത്യൻ കേന്ദ്ര ബാങ്ക്.കേന്ദ്ര ബജറ്റിൽ പോലും ആശ്വാസ നടപടികൾ ഇല്ലാതെ വന്നതോടെ ഗത്യന്തരമില്ലാതെയാണ് റിസർവ് ബാങ്കിൻ്റെ നിരക്ക് വർധന. തൊഴിലില്ലായ്മയും വിലക്കയറ്റവും നേരിടാൻ ബജറ്റിൽ വമ്പൻ പദ്ധതികൾ ഉണ്ടാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഗാർഹിക വായ്പാ പലിശ നിരക്കുകൾ കുറക്കാനും ബജറ്റിൽ നടപടി ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ അസ്ഥാനത്തായതോടെ മുഴുവൻ ബാധ്യതയും ഉത്തരവാദിത്വവും റിസർവ് ബാങ്കിൻ്റെ ചുമലിൽ എത്തുകയായിരുന്നു. അടിസ്ഥാന പലിശ നിരക്ക് വർധന എല്ലാ തരം പലിശകളും വർധിപ്പിക്കും. നിക്ഷേപ പലിശ വർധിക്കുന്നത് മാർക്കറ്റിൽ പണമെത്തുന്നത് തടയും. ഗാർഹിക, വാഹന വായ്പാ പലിശ നിരക്കുകൾ കൂട്ടുന്നത് ഇന്ത്യൻ അടിസ്ഥാന വർഗത്തിന് വലിയ തിരിച്ചടിയാകും. സാധാരണക്കാരൻ്റെ ശമ്പളത്തിൻ്റെ സിംഹഭാഗവും ബാങ്കുകൾ പിടിച്ചുപറിക്കുന്ന സാഹചര്യത്തിലെത്തിക്കും. ബിസിനസ്, തൊഴിൽ സാഹചര്യങ്ങളിലും അസ്ഥിരത സൃഷ്ടിക്കും. മാർക്കറ്റിൽ എത്തുന്ന പണത്തിൻ്റെ കുറവ് വിപണിയുടെ ചലനവേഗവും കുറയ്ക്കുമെന്ന് ഉറപ്പാണ്.