ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. 93 സീറ്റുകളിലേക്ക് 833 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ഉൾപ്പടെ 833 സ്ഥാനാർഥികൾ ആണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ്, ബി ജെ പി , ആം ആദ്മി പാർട്ടികളിൽ നിന്നും പല പ്രമുഖരും രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്..ഒന്നാംഘട്ടത്തെ അപേക്ഷിച്ച് വാശിയേറിയ പ്രചാരണമാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. ബിജെപിയുടെ ശക്തി ദുർഗങ്ങളായ നഗര മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നിട്ട് നിൽക്കുന്ന വടക്കൻ ഗുജറാത്തിലുമാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പൊതുയോഗങ്ങളും റാലികളും വാഹന ജാഥകളും നടത്തിയാണ് ബിജെപിയുടെ പ്രചാരണം പുരോഗമിച്ചത്.എന്നാൽ സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കണ്ട് കൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രചാരണം.എന്നാൽ ഹാർദിക് പട്ടേലിനെ അടർത്തി മാറ്റിയത് വഴി പാട്ടീദാർ സമൂഹത്തെ കൂടെ നിർത്താൻ കഴിയും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഹാർദിക് പട്ടേൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ വിരംഗത്തിലാണ് മത്സരിക്കുന്നത്.
അതെ സമയം രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 12 പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങളിലും മുൻതൂക്കം ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.സഖ്യകക്ഷിയായ എൻസിപിക്ക് വേണ്ടി കോൺഗ്രസ് വിട്ടു നൽകിയ മണ്ഡലങ്ങളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.അതെ സമയം ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിലെ കുറവ് മൂന്ന് പാർട്ടികളെയും ആശങ്കയിൽ ആക്കിയിട്ടുണ്ട്.