ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കാരണം കാണിക്കല്‍ നോട്ടീസിന് 10 വിസിമാരും വിശദീകരണം നല്‍കി. വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്.അതിനിടെ, കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയെത്തി. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർനടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.