ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് കൂടിയിട്ടും, സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാതെ റെയിൽവേ… അവധിക്കാലത്ത് ജനങ്ങളെ വലച്ചാണ് റെയിൽവേയുടെ നടപടി… അവസരം മുതലെടുത്ത് സ്വകാര്യ ബസ്സുകൾ വലിയ നിരക്ക് വർദ്ധനയാണ് വരുത്തുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ് സെക്ടറുകളിലാണ് ടിക്കറ്റില്ലാതെ ജനം വലയുന്നത്. ക്രിസ്മസിന് നാട്ടിലെത്താനും അവധി കഴിഞ്ഞു മടങ്ങാനും ടിക്കറ്റില്ലാത്ത സ്ഥിതിയാണ്. ഈ മാസം 22 മുതൽ 25 വരെ ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ സ്ലീപ്പർ വെയ്റ്റ് ലിസ്റ്റ് മൂന്നുറിനടുത്താണ്. ഏറ്റവും തിരക്കും ഈ ട്രെയിനിലാണ്. കർണാടക ആർടിസി ബസുകളിലും ഏതാനും ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഹൈദരാബാദിലേക്ക് അധിക ട്രെയിൻ സർവീസ് വേണമെന്ന ആവശ്യം ഏറെനാളായുണ്ടെങ്കിലും റെയിൽവേ പരിഗണിച്ചിട്ടില്ല. കന്യാകുമാരി- മുംബൈ സിഎസ്ടി ജയന്തി പൂനെ വരെയാക്കി ചുരുക്കിയതോടെ മുംബൈയിലേക്കുള്ള ട്രെയിൻ തിരുവനന്തപുരം- കുർള നേത്രാവതി മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കോട്ടയം പാത ഇരട്ടിപ്പിക്കൽ അവസാനിച്ചതോടെ കോട്ടയം വഴി പുതിയ മുംബൈ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാരുടെ സംഘടനകൾ എങ്കിലും അതുണ്ടായില്ല. അവസരം മുതലെടുത്ത് സ്വകാര്യ ബസ്സുകൾ വലിയ നിരക്ക് വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് നാലായിരം രൂപയാണ് ഈ സമയത്തെ ബസ് ചാർജ്ജ്. കൂടുതൽ സർവീസുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചിട്ടുണ്ട്. നിലവിലെ ട്രെയിനുകളിൽ കോച്ച് വർദ്ധിപ്പിക്കണമെന്ന ആവശ്യവും കത്തിലുണ്ട്.