2018 ഡിസംബർ പന്ത്രണ്ടിന് നടന്ന സുപ്രീം കോടതി കൊളജീയം യോഗത്തിൻ്റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു ഹർജി. 2018 ലെ കൊളീജിയം യോഗത്തിന്റെ അജണ്ടയുടെ പകർപ്പ് , പ്രമേയത്തിന്റെ പകർപ്പ് , കൊളീജിയത്തിന്റെ തീരുമാനത്തിന്റെ പകർപ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്നു ഹർജി.വിവരാവകശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. വിവരാവകാശ നിയമ പ്രകാരം കൊളീജിയം യോഗത്തിന്റെ വിവരങ്ങൾ ലഭിച്ചില്ലെന്ന് കാട്ടിയായിരുന്നു അഞ്ജലി ഭരദ്വാജ് സുപ്രീം കോടതിയെ സമീപിച്ചത്. കൊളീജിയത്തിന്റെ അന്തിമ തീരുമാനം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2018 ഡിസംബർ 12 ലെ കോളിജിയം യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ലെന്നും 2019 ജനുവരി 10 ലെ യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്നും ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. 2018 ലെ കൊളീജിയം യോഗത്തിലെടുത്ത തീരുമാനം താൻ റിട്ടേർഡ് ആയശേഷം ചേർന്ന കൊളീജിയം യോഗത്തിൽ മാറിയെന്ന ജസ്റ്റിസ് മദൻ ബി ലോകുർ ഒരു അഭിമുഖത്തിൽ അഭിപ്രായപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജലി ഭരദ്വാജ് കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ തേടി ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കൊളീജിയം യോഗത്തിലെ ചർച്ചകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്