കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ തീരുമാനം. ആദ്യ ഘട്ടത്തിലുള്ള പത്തോളം ടാങ്കറുകൾ വെള്ളവുമായി എത്തി. വിതരണത്തിനായി വാട്ടർ അതോറിറ്റിയുടെ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ടാങ്കറുകൾക്ക് സൗജന്യമായി വെളളം ശേഖരിക്കാം. വാട്ടർ അതോറിറ്റിയുടെ പമ്പ് തകരാറിലായതാണ് കൊച്ചി കോർപ്പറേഷൻ, പശ്ചിമകൊച്ചി തുടങ്ങിയിടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായത്. നിലവിൽ തകരാർ പരിഹരിക്കുന്നതു വരെ ബദൽ മാർഗമായി ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചു കൊണ്ടിരിക്കുകയാണ്.കുടിവെള്ള വിതരണത്തിനായി കൂടുതൽ ടാങ്കറുകൾ ലഭ്യമാക്കാൻ എറണാകുളം ജില്ലാ ഭരണകൂടം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.ഇതിനുവേണ്ട നടപടികൾ പൂർത്തിയാക്കിയാലുടൻ പൂർണ തോതിൽ കുടിവെള്ളം വിതരണം ചെയ്തു തുടങ്ങും.പ്രതിസന്ധി തരണം ചെയ്യുന്നതു വരെ സമീപ ജില്ലയായ ആലപ്പുഴയിലെ വാട്ടർ അതോറിറ്റി വിതരണ കേന്ദ്രങ്ങളിൽ നിന്നും ആലുവയിലെ വിതരണ കേന്ദ്രത്തിൽ നിന്നുമായി വലിയ ടാങ്കറുകളിൽ വെള്ളമെത്തിക്കാമെന്ന് കളക്ടർ നിർദേശം നൽകിയിരുന്നു. വാട്ടർ അതോററ്റിയുടെ ജല വിതരണ കേന്ദ്രങ്ങളിൽ നിന്ന് ടാങ്കറുകൾക്ക് സൗജന്യമായി വെള്ളം ശേഖരിക്കാം. തിങ്കളാഴ്ച കാക്കനാട് കളക്ട്രേറ്റ് ഓഫിസിൽ വിളിച്ചു ചേർത്ത യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം, ആർടിഒ, തഹസിൽദാർമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ കുടിവെള്ള ടാങ്കർ ഉടമ അസോ.ഭാരവാഹികളും പങ്കെടുത്തിരുന്നു.