കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിന് കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കേന്ദ്ര സഹായമില്ലാതെ കർഷകർക്ക് നൽകിയ തുകയുടെ കണക്ക് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയോട് സർക്കാരിന് ചിറ്റമ്മ നയമെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കേന്ദ്ര സർക്കാരിന്റെ നയമാണ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ വിലയിടിവിന് കാരണം ഇതാണ്. കേന്ദ്രസഹായം ഇല്ലാതെ കർഷകർക്ക് നൽകിയ സാമ്പത്തിക സഹായവും സഭയിൽ മന്ത്രി വിശദീകരിച്ചു. കേന്ദ്രം കർഷകരെ വഞ്ചിച്ചാൽ ഒപ്പം കൂടാമെന്നാണോ സംസ്ഥാനം കരുതുന്നതെന്ന് ചോദിച്ച മോൻസ് ജോസഫ് കർഷകർക്കായി സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കാർഷിക കടാശ്വാസ കമ്മീഷൻ ഈ സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.