ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുകയാണെന്നാണ് ഓരോ ദിവസവും കഴിയുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഇതില്‍ ഏറ്റവും ഒടുവിലായി വന്ന പഠനം ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ആഗോളതലത്തില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതിലാകും കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ ബാധിക്കുക. പുതിയ പഠനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത് അമേരിക്ക, ചൈന, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള സംസ്ഥാനങ്ങളാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതില്‍ തന്നെ 14 സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ വെള്ളപ്പൊക്കമാകും അനുഭവപ്പെടുകയെന്ന് പുതിയ കാലാവസ്ഥാ അപകടസാധ്യത വിശകലനം മുന്നറിയിപ്പ് നല്‍കുന്നു. ‘ഗ്രോസ് ഡൊമസ്റ്റിക് ക്ലൈമറ്റ് റിസ്ക്’ (Gross Domestic Climate Risk) എന്ന പേരിട്ടിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ഓരോ പ്രദേശത്തും ആഗോളതാപനം മൂലമുണ്ടാകുന്ന നാശത്തിന്‍റെ കണക്കെടുക്കുന്നതിനും അത് വഴി അപകടസാധ്യതയ്ക്ക് വിലയിടാനും കഴിയുമെന്ന് പഠനം അവകാശപ്പെടുന്നു.ബാങ്കുകൾ, നിക്ഷേപകർ, ബിസിനസുകാര്‍, നയരൂപീകരണക്കാർ എന്നിവര്‍ക്ക് ഒരു അളവുകോലാണ് പുതിയ പഠന റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും 2,600 ല്‍ അധികം പ്രദേശങ്ങളിലെ മനുഷ്യ നിര്‍മ്മിത പരിസ്ഥിതിയുടെ നാശത്തെ കുറിച്ച് പഠനം മുന്നറിയിപ്പ് നല്‍കുന്നു. നിര്‍മ്മാണം കൂടുന്നതിന് അനുസരിച്ച് നാശത്തിന്‍റെ അളവും വര്‍ദ്ധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ക്രോസ് ഡിപന്‍ഡന്‍സി ഇനിഷ്യേറ്റീവ് (XDI) എന്ന സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ആഗോള ബാങ്കുകളെയും മറ്റ് നിക്ഷേപ കമ്പനികളെയും ഇവര്‍ ഇടപാടുകാരായാണ് കണക്കാക്കുന്നത്.