കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠനത്തിന് ഇന്ന് തുടക്കമാകും. ആറുകം സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി പതിനാലര ഏക്കർ ഭൂമിയാണ് കരിപ്പൂർ റൺവേ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇത് മുന്നോടിയായാണ് പാരിസ്ഥിതിക ആഘാത പഠനം. തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പാരിസ്ഥിതിക ആഘാത പഠനം. ജനുവരിയിൽ പഠനത്തിനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികൾ സംഘടിച്ചതോടെ നടപടികളിലേക്ക് കടക്കാനായില്ല. നാട്ടുകാരുമായി സംസ്ഥാന സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നഷ്ടപരിഹാരം സംസ്ഥാന സർക്കാർ തന്നെ ഭൂവുടമകൾക്ക് നേരിട്ട് കൈമാറുമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി തുടർ പ്രവർത്തനങ്ങൾക്കായി സിവിൽ എവിയേഷൻ ഡിപാർട്ട്മെന്റിന് കൈമാറും.