ഏലം വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയോടെ ഇടുക്കിയിൽ കർഷകർ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിസന്ധി കേന്ദ്ര സർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങളുടെ ഭാഗമായാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തിന് ആനുപാധിക വിലയില്‍ ഏലക്കാ സംഭരിയ്ക്കാന്‍, സർക്കാർ ഏജന്‍സികള്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം. ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ നിന്നാണ് രാജ്യത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും. ഏലത്തിന്റെ വിലയിടിവും വളം കീടനാശിനികളുടെ വില വര്‍ദ്ധനവും മേഖലയുടെ സാമ്പത്തീക ഭദ്രതയെ സാരമായി ബാധിച്ചു കഴിഞ്ഞു. ഏലം മേഖല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നും പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
ഏലം വിലയിടിവ് തടയുക, സ്പൈസസ് ബോർഡിന്റെ പ്രവർത്തനം ഇല്ലാതാകുന്ന കേന്ദ്ര നയം തിരുത്തുക, ഏലക്കായുടെ റീപുളിംഗ് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങൾ.
ഇതിനൊപ്പം ലേല കേന്ദ്രത്തിലെ ഒത്ത് കളി അവസാനിപ്പിച്ച്, വളം കീടനാശികളുടെ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. സി. ഐ. റ്റി. യു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 11 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പെരുവഴി ധർണാ സമരം സംഘടിപ്പിച്ചിരുന്നു. നിരവധി തോട്ടം തൊഴിലാളികളാണ് പണിമുടക്കി സമരത്തിൽ അണിനിരന്നിരന്നത്. കേന്ദ്രസർക്കാർ നയം തിരുത്താൻ തയാറായില്ലെങ്കിൽ മറ്റു പല കാർഷിക മേഖലകൾക്ക് സമാനമായി ഏലം കർഷകരും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് വീണുപോകുമെന്ന് നേതാക്കൾ വിശദീകരിച്ചു. മറ്റ് സംഘടനകളും വിഷയമുന്നയിച്ച് സമരവുമായി രംഗത്തു വന്നു കഴിഞ്ഞു.