ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് മുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത 4 വർഷത്തെക്കുള്ള നിരക്കാണ് ബോർഡ് സമർപ്പിച്ചത്.2023–24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. എന്നാൽ നിരക്ക് നേരെ വർധിപ്പിക്കില്ല. കമ്മിഷന്റെ ഹിയറിങ്ങിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം ഈ വർഷം വൈദ്യുതിബോർഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷൻ നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാൽ താരിഫ് വർധനയ്ക്ക് കമ്മിഷൻ തടസം നിൽക്കാനിടയില്ല. കഴിഞ്ഞ ജൂണിൽ 26 ന് നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിരക്ക് സംബന്ധിച്ച നിർദേശം ബോർഡ് സമർപ്പിച്ചത്. ചുരുങ്ങിയസമയത്തിൽ ഹിയറിങ് നടത്തി വർധനനിരക്കിൽ കമ്മിഷൻ തീരുമാനമെടുത്താൽ ഏപ്രിലിൽ നിരക്കുവർധനയുണ്ടാവും.