സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽ സി പരീക്ഷകൾ മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 നും അവസാനിക്കും. സംസ്ഥാനത്തെ 2022-23 അധ്യായനവർഷത്തേക്കുള്ള പൊതുപരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപനം നടന്നത്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നാലര ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷ എഴുതും. എസ്എസ്എൽസി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്എസ്എൽസിയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും.അതേസമയം, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കും.രാവിലെ 9.30നാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുക. മാതൃക പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്ത്താസമ്മേളനത്തില് അറിയിച്ചു.