Home News എം ജി സർവ്വകലാശാല കലോത്സവം സമാപിച്ചു: സെന്‍റ് തെരേസാസിന് കിരീടം

എം ജി സർവ്വകലാശാല കലോത്സവം സമാപിച്ചു: സെന്‍റ് തെരേസാസിന് കിരീടം

39
0
എറണാകുളം നഗരത്തെ ആവേശത്തിരയിലളക്കി മറിച്ച ആരവങ്ങള്‍ക്ക് താത്കാലികമായി വിട പറഞ്ഞുകൊണ്ട് എം ജി സർവ്വകലാശാല കലോത്സവം സമാപിച്ചു.ഇത്തവണ സെന്‍റ് തെരേസാസ് കോളേജാണ് കിരീട ജേതാവ്.131 പോയിന്‍റ് നേടിയാണ് സെന്‍റ് തെരേസാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ഇതേ കോളേജിലെ തേജ സുനിലാണ് കലാതിലകം.  നിലവിലെ ജേതാവായിരുന്ന തേവര എസ്എച്ച്നെ പരാജപ്പെടുത്തിയാണ് സെന്‍റ് തെരേസാസ് കിരീടം നേടിയത്. 2016ലായിരുന്നു ഒടുവിൽ സെന്റ്‌ തേരേസാസ്‌ കിരീട ജേതവായത്. സെന്‍റ് തെരേസാസിന്‍റെ പെൺപടയെ നയിച്ച തേജ സുനിൽ കലാതിലകപട്ടം കൂടി നേടിയപ്പോള്‍  കോളേജിന്‌ ഇരട്ടി മധുരമായി. നാലിനങ്ങളിൽ ഒന്നാം സ്ഥാനവും ഒരിനത്തിൽ മൂന്നാം സ്ഥാനവുമായാണ്‌ അവസാന വർഷ സുവോളജി ബിരുദവിദ്യാർഥിയും കോളേജ് ചെയർപേഴ്‌സണും കൂടിയായ തേജ സുനിൽ കലാതിലകമായത്‌. ട്രാൻസ്ജെൻഡർ വിഭാഗം മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സഞ്ജന ചന്ദ്രൻ പ്രതിഭാതിലക കിരീടവും കരസ്ഥമാക്കി. ആലുവ ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എൽഎൽബി ഒന്നാം വർഷ വിദ്യാർത്ഥിയായ സി എസ് ആനന്ദ് ആണ് കലാപ്രതിഭ പട്ടം നേടിയത്. 110 പോയിന്റുമായി മഹാരാജാസ്‌ കോളേജാണ് രണ്ടാംസ്ഥാനത്ത്‌. തേവര എസ്‌എച്ച്‌ 107 പോയിന്റുമായി മൂന്നാമതും 54 പോയിന്റുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജ് നാലാം സ്ഥാനത്തുമാണ്‌. പ്രധാന വേദിയായ മഹാരാജാസ്‌ മെൻസ്‌ ഹോസ്‌റ്റൽ മൈതാനത്തും കലോത്സവം കാണാൻ ഞായറാഴ്‌ചയും വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.കലോത്സവത്തിന്‍റെ ആദ്യ ദിനം തുടങ്ങി കുട്ടികളുടെ വലിയ രീതിയിലുള്ള പങ്കാളിത്തമാണ് ഇത്തവണ കലോത്സവ വേദികളിൽ കാണാൻ കഴിഞ്ഞത്.തിരുവാതിര, കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി എല്ലാ മത്സരങ്ങളും കലാഹൃദയങ്ങളെ കീഴടക്കിയിരുന്നു.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട,ആലപ്പുഴ എന്നിങ്ങനെ അഞ്ച് ജില്ലകളിലെ 209 കോളേജുകളിൽ നിന്നായി എണ്ണായിരത്തിലേറെ വിദ്യാർത്ഥികളാണ് 61മത്സരയിനങ്ങളിലായി ഇത്തവണ കലോത്സവത്തിൽ പങ്കെടുത്തത്.എറണാകുളം മഹാരാജാസ് കോളേജ്,മഹാരാജാസ് കോളേജ് ഗ്രൗണ്ട്,ലോ കോളേജ് തുടങ്ങി മൂന്നിടങ്ങളിലായി ഒൻപത് വേദികളിലായാണ് അഞ്ച് ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആറ് വർഷത്തെ ഇടവേളകള്‍ക്ക് ശേഷം എറണാകുളം  വീണ്ടും കലോത്സവനഗരിയായപ്പോള്‍ ആദ്യ ദിനം മുതൽ അവസാന ദിനം വരെയും ആവേശവും ആരവവും ചോരാതെ കാത്തുസൂക്ഷിച്ചിരുന്നു.
Previous articleവനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം
Next articleകരിപ്പൂർ വിമാനത്താവള വികസനം: പാരിസ്ഥിതികാഘാത പഠനത്തിന് ഇന്ന് തുടക്കമാകും