മാതൃരാജ്യത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച 40 വീര ജവാന്മാരുടെ ത്യാഗത്തിന്റെ നാലാം വാർഷികമാണ് ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്.പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്‌ക്ക് സമീപമായിരുന്നു ആക്രമണം. 2019 ഫെബ്രുവരി 14ന് കേന്ദ്ര റിസര്‍വ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ല്‍ അവന്തിപ്പോരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി.ഉഗ്ര സ്‌ഫോടനത്തില്‍ തിരിച്ചറിയാനാകാത്ത വിധം വാഹനം തകര്‍ന്നു. 40 ജവാന്മാരാണ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലായി ഓരോ ഭാരതീയരുടേയും മനസില്‍ അവശേഷിക്കുന്നുണ്ട്. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം മിന്നലാക്രമണത്തില്‍ ഇന്ത്യൻ സേന തകര്‍ത്തു.പുല്‍വാമ ഭീകരാക്രമണത്തോട് പ്രതികരിക്കേണ്ട സമയവും സ്ഥലവും രീതിയും തിരഞ്ഞെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് എല്ലാ അനുമതിയും നല്‍കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘ ആക്രമണത്തിന്റെ 12ാം ദിവസം ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ ബോംബാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയുടെ വിപുലമായ നയതന്ത്ര ശ്രമങ്ങള്‍ ആരംഭിച്ചു. യുഎന്‍ സെക്യൂരിറ്റി കൗൺസിലിന്റെ 1267 സമിതിയില്‍ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന്മേലുള്ള സാങ്കേതിക നിയന്ത്രണം ചൈന പിന്‍വലിച്ചതോടെ 2019 മെയ് 1ന് അത് യാഥാര്‍ത്ഥ്യമായി.