നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം, നികുതി നിർദേശങ്ങൾ പിൻവലിക്കാത്തതിനെതുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നു. സംസ്ഥാനത്തിന്‍റെ സാഹചര്യവും പ്രതിപക്ഷത്തിനറിയാം. അതുകൊണ്ട് നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ ലക്ഷ്യം. 1960-70 കാലത്തെ നികുതിയാണ് പലയിടത്തും. തദ്ദേശ നികുതികൾ ഒന്നും സംസ്ഥാന സർക്കാരിന് കിട്ടുന്നതല്ല. കോർട്ട് ഫീ സ്റ്റാംപ് തുകയുടെ കാര്യത്തിൽ ആ മേഖലയിൽ നിന്ന് തന്നെ പരിഷ്കരണം വേണമെന്ന് ആവശ്യം വന്നു. മദ്യവില കഴിഞ്ഞ 2 വർഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്ക്ക് മുകളിൽ 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ 40 രൂപയുമാണ് കൂട്ടിയത്. ആയിരം രൂപയ്ക്ക് മുകളിലുള്ള ഉപഭോഗം 8 ശതമാനം മാത്രമാണ്. അതുകൊണ്ട് നികുതി വർധന അസാമാന ഭാരമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതുവച്ചാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയത്. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും ധനമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി. ജനങ്ങൾക്ക് ആശ്വാസമേകാൻ എന്നു പറയുന്ന സർക്കാർ തന്നെ ജനങ്ങൾക്ക് ഇരുട്ടടി നൽകുന്നു. വലി്യ വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടി സ്വീകരിക്കുന്നു. നികുതി നിർദേശങ്ങൾ പിൻവലിക്കാത്ത നടപടി അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നികുതി വർധനവിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചു.