ഇന്ത്യക്ക് അഭിമാനമായി ISROയുടെ എസ്എസ്എൽവി ഡി2. ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യമാണ് ശ്രീഹരികോട്ടയിലെ സതീഷ് ദവാൻ സ്പെയിസ് സെന്‍ററിൽ നിന്നും കുതിച്ചുയർന്നത്. രാവിലെ 9.18നായിരുന്നു ശ്രീഹരികോട്ടയിലെ സതീഷ് ദവാൻ സ്പെയിസ് സെന്‍ററിൽ നിന്നും ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത എസ്എസ്എൽവി ഡി 2വിന്‍റെ വിക്ഷേപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥിനികൾ നിർമിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങൾ എസ്എസ്എൽവി ഡി2 ഭ്രമണപഥത്തിൽ എത്തിച്ചു. ഐ.എസ്.ആർ.ഒ. നിർമിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-07, അമേരിക്കയിലെ അന്റാരിസ് നിർമിച്ച ജാനസ് വൺ എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ച മറ്റ് ഉപഗ്രഹങ്ങൾ. ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പെയ്‌സ് കിഡ്‌സ് ഇന്ത്യയാണ് രാജ്യത്തെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 750 വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങൾ ഇണക്കിയെടുത്ത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചത്. എസ്.എസ്.എൽ.വി.കൂടി വന്നതോടെ ഐ.എസ്.ആർ.ഒ.യുടെവിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി. പി.എസ്.എൽ.വി.യും ജി.എസ്.എൽ.വി.യുമാണ് നിലവിലുള്ള വിക്ഷേപണവാഹനങ്ങൾ. 56 കോടി രൂപയാണ് നിർമാണച്ചെലവ്. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി.യുടെ സവിശേഷത.