വിവാദ പ്രസംഗവുമായി വീണ്ടും സുരേഷ് ഗോപി രംഗത്ത്. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും സുരേഷ് ഗോപി. ശിവരാത്രി ആഘോഷത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശിവരാത്രി ആഘോഷത്തിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം. താനൊരു വിശ്വാസിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്ന് വ്യക്തമാക്കി. വിശ്വാസികളുടെ അവകാശങ്ങള്‍ക്ക് നേര്‍ക്ക് വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലില്‍ പ്രാര്‍ത്ഥിക്കുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. സുരേഷ് ഗോപിയെ മറ്റൊരു വിഷയത്തില്‍ നേരത്തേ ട്വിറ്ററിലൂടെ അഭിനന്ദിച്ച എന്‍എസ് മാധവന്‍ അതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് എന്‍എസ് മാധവന്‍ റീ ട്വീറ്റ് ചെയ്തു.