Home News അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹാലി മത്സരിക്കും

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹാലി മത്സരിക്കും

19
0
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ മത്സരം കടുക്കും. ഡൊണാൾഡ് ട്രംപിനെതിരെ മത്സരിക്കാൻ മുൻ യുഎൻ പ്രതിനിധി നിക്കി ഹാലിയും രംഗത്ത്. റോൺ ഡെസാൻ്റിസ്, മൈക് പെൻസ് തുടങ്ങിയവരും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുണ്ട്.  2024ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാമെന്ന ഡൊണാൾഡ് ട്രംപിന്റെ മോഹത്തിന് വിലങ്ങുതടിയാകുക സ്വന്തം സേനയിൽ തന്നെ ഉണ്ടായിരുന്നവരുടെ സ്ഥാനാർത്ഥിപ്രഖ്യാപനമാകും. മുൻ അമേരിക്കൻ വൈസ് പ്രസിഡൻ്റായ മൈക്ക് പെൻസിന് പിന്നാലെ മുൻ യു എൻ പ്രതിനിധിയായിരുന്ന നിക്കി ഹാലിയാണ് സ്ഥാനാർത്ഥിത്വവുമായി രംഗത്തു വന്നിട്ടുള്ളത്. മുൻപ് സൗത്ത് കാരലൈന ഗവർണറായും പ്രവർത്തിച്ചിട്ടുള്ള ഹാലി ട്രംപ് പ്രസിഡണ്ടായിരുന്ന കാലത്താണ് അമേരിക്കയുടെ സ്ഥിരം യുഎൻ പ്രതിനിധിയായി ചുമതല നിർവഹിച്ചത്.  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പ്രോമോ വീഡിയോയിലാണ് നിക്കി ഹാലിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. റഷ്യ, ചൈന അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പതിവ് പ്രചാരണ രീതിയാണ് ഹാലിയും സ്വീകരിച്ചിട്ടുള്ളത്. അവർ നമുക്കുനേരെ മാർച്ച് ചെയ്തുവരുമ്പോൾ തിരികെ ചവിട്ടാൻ കൂടുതൽ നല്ലത് ഹീലുള്ള ചെരുപ്പാണെന്നായിരുന്നു ഹാലിയുടെ നിർദ്ദേശം.
ഫ്ലോറിഡ ഗവർണർ റോൺ ഡെസാൻ്റിസും ന്യൂ ഹാംപ്ഷയർ ഗവർണർ ക്രിസ് സുനുനുവും യുഎസ് സെനറ്റർ ടിം സ്കോട്ടുമടക്കം ഒരു ഡസനോളം സ്ഥാനാർത്ഥികൾക്ക് സാധ്യതയുണ്ട്. ഹാലിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ വരുന്ന ആഴ്ചകളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചർച്ചകളും തർക്കങ്ങളും കൊഴുക്കുമെന്നുറപ്പാണ്.
Previous articleശിവരാത്രി മഹോത്സവം: ആലുവയിലേക്കു പ്രത്യേക തീവണ്ടി
Next articleടൈഫോയിഡ് വാക്‌സിന്‍ ഇനി സര്‍ക്കാര്‍ ഫാര്‍മസികളിലും  കുറഞ്ഞ വിലയ്ക്ക് ലഭിക്കും