അമേരിക്കയുമായുള്ള സ്റ്റാർട്ട് ആണവ കരാർ മരവിപ്പിച്ച് റഷ്യ. യുക്രൈൻ യുദ്ധത്തിന് കാരണം പാശ്ചാത്യ സഖ്യമെന്നും പ്രസിഡൻറ് വ്ലാദിമിർ പുടിൻ. കീവിൽ വെച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും യുക്രെയിൻ പ്രസിഡണ്ട് വോളോഡിമിർ സെലിൻസ്കിയും നടത്തിയ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പുടിൻ. തങ്ങളുടെ ആണവനിലയങ്ങൾ മാത്രം പരിശോധിക്കുകയും നാറ്റോ സേനക്കും അമേരിക്കക്കും സംരക്ഷണം നൽകുകയും ചെയ്യുന്ന ഏകപക്ഷീയ കരാർ ശരിയല്ലെന്നാണ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ്റെ പരാതി. അതിനാൽ അമേരിക്കയുമായി നിലവിലുള്ള ഏക കരാറായ സ്റ്റാർട്ടുമായുള്ള ബന്ധം മരവിപ്പിക്കുകയാണ്. കരാർ ഇപ്പൊൾ പൂർണമായും അവസാനിപ്പിക്കുന്നില്ലെന്നും പുടിൻ പ്രതികരിച്ചു. റഷ്യൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്റ്റേറ്റ് ഓഫ് ദ നേഷൻ പ്രസംഗത്തിലാണ് പുടിൻ്റെ പ്രഖ്യാപനം.
യുഎസ് ഡോളറിന്റെ അന്താരാഷ്ട്ര ആധിപത്യം അവസാനിക്കുമെന്നും പകരം കരുത്തുള്ള മറ്റൊരു കറൻസി ഉയർന്നുവരാൻ റഷ്യ ഇടപെടുമെന്നും പുടിൻ പ്രതികരിച്ചിട്ടുണ്ട്. റഷ്യയുടെ താത്കാലിക പിൻമാറ്റത്തെ നാറ്റോ സേന അപലപിച്ചു. നാറ്റോ സഖ്യത്തിൻ്റെ ഭാഗമായുള്ള രാഷ്ട്ര തലവന്മാരെല്ലാം പുടിൻ്റെ പ്രതികരണങ്ങളെ വിമർശിച്ച് രംഗത്തെത്തി. യുദ്ധം ആരംഭിച്ച് ഒരു വർഷത്തോടടുക്കുമ്പോൾ ആക്രമണം തുടർന്ന് റഷ്യയും പ്രകോപനം തുടർന്ന് പാശ്ചാത്യ സേനയും രംഗത്തുണ്ട്