അഡ്വ. സൈബി ജോസ് ഹാജരായ കേസിൽ ഹൈക്കോടതിയുടെ അസാധാരണ നടപടി. മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് കോടതി തിരിച്ചു വിളിച്ചു. കേസ് വീണ്ടും കേൾക്കും. അതേ സമയം , ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് പണം വാങ്ങിയെന്ന ആരോപണത്തിൽ കൊച്ചി സിറ്റി പൊലിസ് അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിയ്ക്ക് കൈമാറും. ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടന്നു വരുകയാണ്. ഇതിനിടെ യാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ, സൈബി ഇടപ്പെട്ട കേസിൽ ഹൈക്കോടതിയുടെ അസാധാരണ നടപടിയുണ്ടായത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയെന്നും കേസിൽ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തന്ടെ വാദം കേൾക്കാതെ ആണെന്നായിരുന്നു ബാബുവിൻ്റെ പരാതി. പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും പരാതിക്കാരൻ കോടതി അറിയിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ 2022 ഏപ്രിൽ 29 ൽ താൻ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹർജി വന്നതിന് പിന്നാലെ പരാതിക്കാരന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി.ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഒരു വർഷം മുൻപ് നൽകിയ ജാമ്യ ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും കേസിൽ വീണ്ടും വാദം കേൾക്കുകയും ചെയ്യും. അതേ സമയം, പരാതിക്കാരന് നോട്ടിസ് പോകാതിരുന്നതിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്നും കോടതി പരിശോധിച്ചു വരുകയാണ്