മഴക്കാലത്ത് അപകട സാധ്യത കൂടുന്നതിനാല്‍ അത് ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും മുന്‍കരുതലുകളും പങ്കുവെച്ച് കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജീലൂടെയാണ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മഴക്കാലത്ത് പാരപ്പറ്റ് ഇല്ലാത്ത കിണറിന്റെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക. കിണറുകളുടെ അടുത്തേക്ക് കുട്ടികള്‍ പോകുന്നില്ല എന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തുക. കെട്ടിടങ്ങളില്‍ എവിടെയെങ്കിലും വിള്ളല്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഒഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക. പുഴയിലോ കായലിലോ ഉള്ള കുളി ഒഴിവാക്കുക . വലിയ മരങ്ങള്‍ക്ക് അടുത്ത് നില്‍ക്കുന്നത് ഒഴിവാക്കുക. മരങ്ങളുടെ കീഴില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുത ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.
ചെറുതായി നനഞ്ഞ അവസ്ഥയുണ്ടെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പാടുള്ളതല്ല. വാഹനങ്ങളുടെ ബ്രേക്കിംഗ് സിസ്റ്റം ഉറപ്പു വരുത്തുക. വാഹനങ്ങളുടെ വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
മഴക്കാലത്ത് വിനോദയാത്രകള്‍ ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.