9 വര്‍ഷം മുന്‍പ് കാണാതായ മകളെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂനം എന്ന അമ്മ. ഏഴാം വയസില്‍ സ്കൂള്‍ യൂണിഫോം അണിയിച്ച് മകളെ സ്കൂളിലേക്ക് പറഞ്ഞ് വിട്ടതായിരുന്നു ഈ അമ്മ. എന്നാല്‍, ചേട്ടനോടൊപ്പം സ്കൂളിലേക്ക് പോയ രണ്ടാം ക്ലാസുകാരി പൂജയെ വഴിയില്‍വെച്ച് കാണാതാവുകയായിരുന്നു. പൂജയുടെ തിരോധാനം അന്വേഷിച്ച പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല.
ചേട്ടനോടൊപ്പം സ്കൂളിലേക്ക് പോയ പൂജയെ മക്കളില്ലാത്ത ദമ്പതികള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ജുഹു ഗല്ലി സ്വദേശികളായ ഹാരി ഡിസൂസ-സോണിയ ദമ്പതികളാണ് തട്ടിക്കൊണ്ടുപോയത്. ഐസ്ക്രീമും ചോക്ലേറ്റും കാട്ടി ഇവര്‍ പൂജയെ പ്രലോഭിപ്പിച്ച് കാറിലെത്തിക്കുകയായിരുന്നു. സ്വന്തമായി മക്കളില്ലാതിരുന്ന ഇവര്‍ പൂജയെ മകളായി ഏറ്റെടുത്തു. ആദ്യമൊക്കെ നല്ല സ്നേഹത്തോടെയായിരുന്നു ഇവരുടെ പെരുമാറ്റം. എന്നാല്‍, കുറച്ച് കഴിഞ്ഞ് ഇവര്‍ക്ക് ഒരു കുട്ടി ഉണ്ടായതോടെ കാര്യങ്ങള്‍ മാറി. ഇവര്‍ പൂജയെ കൊണ്ട് ബാലവേല ചെയ്യിച്ചു. ഇതിനിടയില്‍ ഒരിക്കല്‍ പൂജയെ ഹോസ്റ്റലില്‍ ചേര്‍ത്തു. ഡിസൂസയും ഭാര്യയും ഗോവയിലും മുംബൈയിലും കൊണ്ടുപോവുകയും മാതാപിതാക്കളെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, അടുത്തിടെ ഹാരി ഡിസൂസ-സോണിയ ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയാണ് പൂജയുടെ ജീവിതത്തിലെ ‘മാലാഖ’ ആയത്. ഡിസൂസയും ഭാര്യയും തന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അല്ലെന്നും അവര്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നും പൂജ പ്രമീളയോട് പറഞ്ഞു. വിവരമറിഞ്ഞ പ്രമീള ഗൂഗിളില്‍ തിരഞ്ഞതോടെ പൂജയെ കാണാതായതിന്റെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. വാര്‍ത്തകള്‍ക്കൊപ്പം പൂജയുടെ ചിത്രങ്ങള്‍ കൂടി കണ്ടു. പൂജയുമായി വാര്‍ത്തയിലെ ചെറിയ കുട്ടിക്ക് നല്ല മുഖസാദൃശ്യം തോന്നിയ പ്രമീള അന്ന് കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന് രാജേന്ദ്ര ബൊസാലേയുമായി ബന്ധപ്പെട്ടു.
പൊലീസ് ഇടപെട്ട് പൂജയെ തിരികെ അമ്മയുടെ അരികിലെത്തിച്ചു. ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് ഈ അമ്മ. പൂജയുടെ തിരിച്ചുവരവ് അത്ഭുതമായി തോന്നുന്നുവെന്ന് അമ്മ പൂനം പറഞ്ഞു. പൂജ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തട്ടികൊണ്ടുപോകല്‍, ബാലവേലക്ക് നിര്‍ബന്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.