കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധിയിലെ ഹൈക്കോടതി ഇടപെടലിന് പിന്നാലെ യൂണിയനുകളുമായി ചര്‍ച്ച വിളിച്ച് മുഖ്യമന്ത്രി. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പങ്കെടുക്കും. ഓണത്തിന് മുമ്പ് സമരം അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ നീക്കം.
ഇതിനിടെ ശമ്പള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അടിയന്തരമായി പണം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ അടിയന്തരമായി 103 കോടി രൂപ ഉടനെ നല്‍കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്.
സെപ്തംബര്‍ ഒന്നിന് മുന്‍പ് പണം നല്‍കണം. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാനാണ് പണം. ശമ്പളം നല്‍കാന്‍ വേറെ നിവര്‍ത്തിയില്ലെന്ന കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.